Sunday, March 10, 2013

ഓര്‍മ്മപ്പൂക്കള്‍ !




സൂര്യകാന്തിപ്പൂക്കളോടെനിക്ക് വല്ലാത്തൊരിഷ്ടമായിരുന്നു. ഗന്ധമറിയില്ല. തൊട്ടിട്ടുമില്ല. പനിവരുമ്പോഴവള്‍ക്ക് സൂര്യകാന്തിപ്പൂവിന്റെ ഗന്ധമാണെന്നവള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു .
"പൂവ്" എന്നായിരുന്നു ഞാന്‍ അവളെ വിളിച്ചിരുന്നത്.

അമ്പലത്തിലേക്കുള്ള വഴിയരികില്‍, ബാലാമണിയമ്മയുടെ വീടിനപ്പുറത്ത് ഒരു സ്വാമിയുടെ പൂന്തോട്ടമുണ്ടായിരുന്നു; പണ്ട്. ആദ്യമായി കാണുന്നതവിടെയാണ്. മുള്ളുവേലികള്‍ക്കപ്പുറം, തലയെടുപ്പോടെ സൂര്യകാന്തിപ്പൂക്കള്‍
വിരിഞ്ഞു നില്‍ക്കുന്നത്; ഹാ!. അത് കൌമാരത്തിന്റെ ഒരു നിറഞ്ഞ കൌതുകക്കാഴ്ച്ചയായിരുന്നു. വാടിക്കണ്ടിട്ടേയില്ല അപ്പോഴെങ്ങും; ഒരിക്കലും.

“ആ വിശുദ്ധമാം മുഗ്ദ്ധ പുഷ്പത്തെക്കണ്ടില്ലെങ്കില്‍
ആ വിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കില്‍..”
എന്നുപകര്‍ത്തിയെഴുതുമ്പോള്‍, പിന്നീടറിഞ്ഞ സൂര്യകാന്തിക്ക് പുതിയ ഭാവം.

ഒരു തിങ്ങിയ മഴക്കാലത്ത് ഫെമിന ബുക്ക്സ്റ്റാളിന്റെ വരാന്തയില്‍, അവള്‍ വെച്ചുനീട്ടിയ പുസ്തകത്തില്‍, ‘സ്വന്തം സൂര്യകാന്തിപ്പൂവ്’എന്നെഴുതിയിരുന്നു.

പുതിയ നിറങ്ങള്‍.. സുഗന്ധങ്ങള്‍..കിനാവുകളില്‍ കുടകപ്പാലയും ചെമ്പകവും സൂര്യകാന്തിപ്പൂക്കളും മാത്രം പൂത്തുലഞ്ഞുനിന്ന വര്‍ഷങ്ങള്‍...

മറന്നേപോയി..

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ ബനാറസ്സിലെ ഹിന്ദു യുണിവേഴ്സിറ്റിയില്‍ വെച്ചാണ് പിന്നീടുകാണുന്നത്. നീണ്ടൊരു നിരയില്‍ ആരെയോ പിന്തുടരുമ്പോള്‍. കണ്ടു,എന്ന് തിരിച്ചറിഞ്ഞത്‌ പോലും കടന്നുപോയ ശേഷമാണ്.
ഏറ്റവും പരമമായൊരു രഹസ്യം പോലെ ഞാനതു കാത്തു;പങ്കുവയ്ക്കാനിഷ്ടപ്പെടാതെ.
ആരാണു പറഞ്ഞത് പൂവുകള്‍ ഉദ്യാനങ്ങളെ സ്നേഹിക്കുമെന്ന്? ഒരിക്കലുമില്ല.നിലനില്‍പ്പ് ഒരു വെല്ലുവിളിയാകുന്നതുകൊണ്ടുതന്നെ. നിറവും ഗന്ധവും കൊണ്ട് എന്റെ സൂര്യകാന്തി പൊരുതുന്നുണ്ടാവണം. ഒരു പൂവുമാത്രം വിരിയുന്നൊരു ഋതുവിനെ കിനാവു കാണുന്നുണ്ടാവണം...
വേലിപ്പടര്‍പ്പുകള്‍ക്കപ്പുറമുള്ള ഈ ഓര്‍മപ്പൂവിനോടെനിക്ക് വല്ലാത്ത സ്നേഹമുണ്ട്. ഇപ്പോഴറിയാം;
സൂര്യകാന്തി എന്റെ ആദ്യത്തെ പ്രണയമായിരുന്നെന്ന്.

വര്‍ഷങ്ങള്‍ ഓടിമറയുമ്പോള്‍ ഇഷ്ടാനിഷ്ടങ്ങള്‍ മാറിമറയുന്നതുപോലെ, ചെമ്പനീര്‍പ്പൂക്കളോടായി പിന്നീടെന്‍റെ ഇഷ്ടം.
മഴപ്പാട്ടുകളെ ഞാനും അവളും ഒരുപോലെ സ്നേഹിച്ചിരുന്നു. മട്ടാഞ്ചേരിയിലെ ജൂതത്തെരുവുകളെ എനിക്കു പരിചയപെടുത്തിയത് അവളാണ്. "നിങ്ങള്‍ സംസാരിച്ചിരിക്കൂ" എന്ന് പറഞ്ഞ് മറ്റുള്ളവര്‍ അരങ്ങൊഴിഞ്ഞപ്പോള്‍, സംസാരിക്കാന്‍ ഒന്നുമില്ലാതിരുന്നിട്ടും ഒരുപാടുനേരം സംസാരിച്ചിരുന്നു .

ഇന്നെല്ലാ ഋതുക്കളിലും വാടാതെനില്‍ക്കുന്ന, ഒരു ചെമ്പനീര്‍പ്പൂവുമാത്രമുള്ള ഉദ്യാനമുന്ടെനിക്ക്.
മരണത്തിനു കാവല്‍ നില്‍ക്കുന്ന;ബനാറസ്സിലെ അഘോരികളെപ്പോലെ, ഞാനിതിനു കാവല്‍ നില്‍ക്കുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം നിര്‍ത്താതെ പെയ്യുന്നൊരു മഴപ്പാട്ടുപോലെ എന്റെയൊപ്പം അവളും..

No comments:

Post a Comment