Sunday, March 10, 2013
പാടിത്തുടങ്ങുമ്പോള്‍ ...
അന്ന് നിന്റെ പിറന്നാള്‍
ഞാന്‍ നിന്റെയൊരു കുഞ്ഞു വാശി.
പളുങ്കുകണ്ണുകളുമായി നീ,
അച്ഛന്റെ കൈത്തണ്ടയില്‍ തൂങ്ങി...
ചില്ലലമാരയില്‍ എന്റെനേര്‍ക്കു ചൂണ്ടിയവിരല്‍ത്തുമ്പില്‍
ഒരു പുതു ജീവന്റെ തുടിപ്പ്.
വീട്ടിലേക്കുള്ള യാത്രയില്‍ നിന്റെ കുഞ്ഞുവിരലുകള്‍
എന്നെ തൊട്ടുനോക്കികൊണ്ടേയിരുന്നു.
തെളിഞ്ഞപ്രഭാതങ്ങള്‍ !
നീ പഠിക്കുകയായിരുന്നു; എന്നെ തൊടുവതെങ്ങിനെയെന്ന്.
നിന്നോടൊപ്പം , മഞ്ഞപ്പൂവുകള്‍
ചിതറിവീണവഴിയിലൂടെ നടക്കുമ്പോള്‍
ഞാന്‍ പഠിച്ചെടുത്തത്, വിരലുകളുടെ ഇന്ദ്രജാലം .
ഒരിക്കല്‍പ്പോലും വേറിട്ടുപാടാതെ, നിന്നിലലിഞ്ഞൊരീണം
വേദികള്‍ , ഹര്‍ഷാരവങ്ങള്‍ .
ഞാന്‍ , നിന്റെ സ്വകാര്യമായ അഹങ്കാരം .
(നീ എന്റെയും )
നമ്മള്‍ ഒരു സിംഫണി.
നിന്റെ ഹോസ്റ്റല്‍ മുറിയിലെ ചുവരിലേക്കുള്ള യാത്ര.
നനുത്ത നൊമ്പരങ്ങളിലേക്കും ,നിന്റെ ഉത്സവങ്ങളിലേക്കും ..
ഗുല്‍മോഹറുകള്‍ പൂക്കുന്നൊരു മേയ് മാസത്തില്‍ ,
നിന്റെ വിരലുകള്‍ക്കൊപ്പം
തീര്‍ത്തും അപരിചിതമായ കൈകള്‍ ..
പ്രതിഷേധം .
അപശ്രുതിയെന്ന് നീ.
അന്ന്, അന്നല്ലേ കമ്പികളിലൊന്ന് പൊട്ടിയത്?
മാറിയിടാന്‍ നീയേല്പിച്ച കാവല്‍ക്കാരനെ വിളിച്ചപ്പൊഴും നീയന്വേഷിച്ചില്ല?
എന്റെ നിശ്ശബ്ദമായ നിലവിളികള്‍ നിന്റെ നിദ്രയെ
ഒരിക്കല്പ്പോലും അലോസരപ്പെടുത്തിയില്ല?
..........................................
പിന്നെയും നിന്റെ പിറന്നാള്‍
പതുപതുത്ത കൂട്ടില്‍ നിനക്ക് സമ്മാനം
പുതിയൊരീണം .
നീ തൊട്ടുനോക്കും ,
നിന്റെയെന്നു നെഞ്ചോടടുക്കും ..
ചില്ലലമാരയില്‍ ഇനിയും
എന്റെ നേര്‍ക്ക്ഒരു കുഞ്ഞുവിരല്‍ നീളും
നനുത്ത കൈത്തലംകൊണ്ട് തൊട്ടു നോക്കും.
സ്വന്തമെന്ന് നെഞ്ചോടു ചേര്‍ക്കും ..
ജീവനേ,
ഈ ഈണം പഴകുവതെങ്ങിനെ ?
Labels:
കവിത
Subscribe to:
Post Comments (Atom)
No comments:
Post a Comment