"മാതൃപീഡനം ".
നമ്മള്‍ എല്ലാവരും അത് ചെയ്യുന്നില്ലേ ?? എല്ലാവരും അതിനുത്തരവാദികളല്ലേ??
ക്ഷമിക്കണം, പീഡനം എന്ന വാക്ക് കേട്ട് നെറ്റി ചുളിക്കണ്ട. ഒരുപാട് അപചയം സംഭവിച്ച , സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വാക്കാണത്. അതിന്റെ ശരിയായ അര്‍ഥം ഇപ്പോള്‍ പലര്‍ക്കും അറിയാമോ എന്ന് തന്നെ സംശയമാണ് .
പീഡനം അഥവാ ദ്രോഹിക്കല്‍.. സമസ്ത ജീവജാലങ്ങളുടെയും അമ്മ എന്ന് നാം തന്നെ വിശേഷിപ്പിക്കാറുള്ള ഭൂമിയെ നാം പീഡിപ്പിക്കാരില്ലേ?? ഇവിടെ സ്ത്രീ എന്നോ , പുരുഷന്‍ എന്നോ വേര്‍തിരിവില്ലാതെയാണ് പീഡനം .."അമ്മ " എന്ന വാക്ക്, നമ്മെ സംരക്ഷിക്കുന്ന, നമ്മെ വളര്‍ത്തിയെടുക്കുന്ന കര്‍മ്മത്തിന് നാം നല്‍കുന്ന പേരാണ്. ഒരു സ്ത്രീയും ഇവിടെ അമ്മയായി ജനിക്കുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ , നാം അറിയാതെ തന്നെ നമ്മെ സംരക്ഷിക്കുന്ന ഭൂമിയെ , നമ്മുടെ അമ്മയെ പീഡിപ്പിക്കുകയല്ലേ ??
ആദിയില്‍ മനുഷ്യന് വിഷമങ്ങളോ,സങ്കടങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പരമമായ ആനന്ദം മാത്രമായിരുന്നു അവന്‍ അനുഭവിച്ചിരുന്നത്. ബന്ധങ്ങള്‍ ഇല്ലാതെ തന്നെ ശക്തനായിരുന്നു അവന്‍ . പക്ഷെ കാലഭേദങ്ങള്‍ അവനെ ദുര്‍ബലനാക്കുകയും , അവന്‍ അനുഭവിച്ചിരുന്ന സന്തോഷം അവനില്‍ നിന്ന് തുടച്ചു നീക്കപ്പെടുകയും ചെയ്തു. ഈ ആനന്ദം അഥവാ പരമമായ സന്തോഷം കണ്ടെത്താനുള്ള അവന്റെ ആശയങ്ങള്‍ പിന്നീട് മതങ്ങളായി പരിണമിച്ചു. ഈ നിരിക്ഷണം ആരെയും കുറ്റപ്പെടുത്താനല്ല. മറിച്ച് അവനവനിലേക്ക് തന്നെ ഒരു തിരിഞ്ഞു നോട്ടം അത്രയേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. ഇന്നിവിടെ മതങ്ങളും, അവയ്ക്കെല്ലാം പല പല നിയമങ്ങളും ചട്ടക്കൂടുകളും ഉണ്ട്. പക്ഷെ എല്ലാം വിരല്‍ ചൂണ്ടുന്നത് പരമമായ ആ അവസ്ഥയിലേക്ക് തന്നെ. മത താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേന്ടിവരുമ്പോള്‍ അവയുടെ അന്തസത്തയായ ആശയങ്ങളില്‍ നീക്കുപോക്കുകള്‍ ഉണ്ടാവുന്നു. ക്രമേണ ഈ ആശയങ്ങള്‍ അഭിനവ താല്പര്യങ്ങള്‍ക്കായി മാത്രം നിലകൊള്ളുന്ന അവസ്ഥയിലെക്കെത്തിപ്പെടുന്നു. വേദങ്ങള്‍ മുതല്‍ ഇസ്ലാം വരെയുള്ള ആശയങ്ങള്‍ ഇങ്ങനെ അപചയിച്ചു പോയിട്ടുണ്ട് .
എല്ലാ മതങ്ങളിലും കാണുന്ന മുക്തി, മോക്ഷം , തീര്‍ഥാടനം എന്നീ അവസ്ഥകള്‍ , മനുഷ്യന്റെ ആദിയിലേക്കുള്ള , ആ പരമമായ ആനന്ദത്തിലേക്കുള്ള ചവിട്ടു പടികള്‍ ആണ് .ഇവിടെ മരണ ശേഷമല്ല ഒരുവന് മുക്തി അഥവാ മോക്ഷം ലഭിക്കുക. ഇന്ന് നമ്മെ പിന്തുടരുന്ന എല്ലാവിധ മൂല്യച്യുതികളില്‍ നിന്നുമുള്ള മോചനം . അതാണ് മോക്ഷം എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. "ദ്വന്ദ നിര്‍മുക്തിയാണ് നാശരഹിതമായ ആനന്ദതിലെക്കുള്ള ഏക വഴി" എന്ന വാക്യം ഇവിടെ പ്രസക്തമാണ്.
പ്രപഞ്ചത്തിലുള്ള ഒരു വസ്തുവിനെയും പൂര്‍ണമായി ഇല്ലാതാക്കാനാവില്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണല്ലോ. അങ്ങനെ വരുമ്പോള്‍ നിര്‍ജീവാവസ്ഥയില്‍ പോലും(മരണശേഷം) നാം മറ്റൊരവസ്ഥയിലേക്ക് ജനിച്ചു വീഴുന്നു എന്ന് മനസിലാക്കേണ്ടിവരും. നമുക്ക് ചുറ്റുമുള്ള സകല ചരാചരങ്ങളിലും ജന്തുജീവജാലങ്ങളിലും നാം നമ്മെ തന്നെ കാണേണ്ടി വരും. മനുഷ്യന്‍ മണ്ണില്‍ പിറന്നു മണ്ണിലേക്ക് തന്നെ തിരിച്ചു പോകുന്നു എന്ന് ഇസ്ലാമും , മനുഷ്യശരീരം പന്ജഭൂതങ്ങളാല്‍ നിര്‍മ്മിതമാണെന്ന് ഹിന്ദുമതവും നമ്മെ പഠിപ്പിക്കുന്നു. ഇതെല്ലാം ഉള്‍കൊള്ളുന്ന ഈ പ്രപഞ്ചത്തില്‍ തന്നെ നാം കാലാകാലം നിലനില്‍ക്കും ഒരവസ്ഥയിലല്ലെങ്കില്‍ മറ്റൊരവസ്ഥയില്‍ . അങ്ങനെ വരുമ്പോള്‍ ജഡം എന്ന വസ്തു പ്രപഞ്ചത്തില്‍ ഇല്ല എന്ന് വിശ്വസിക്കേണ്ടിവരും. പ്രപഞ്ചം മുഴുവന്‍ "സജീവമായ" ഈ അവസ്ഥയാണ് ഈശ്വരന്‍ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ അറിവിലേക്കുള്ള പ്രയാണമാണ് തീര്‍ഥാടനം. അതിനു ദീക്ഷ സ്വീകരിച്ച് കാട്ടിലോ, മലനിരകളിലോ പോയി തപസ്സ് ചെയ്യേണ്ടതില്ല. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവ ജാലങ്ങളിലും വസ്തുക്കളിലും അവനവനെ തന്നെ കാണാന്‍ ശ്രമിക്കുക. അമ്മയെ, ഭൂമിയെ ദ്രോഹിക്കുന്നത് ഈശ്വരനിന്ദയാണെന്ന് പറയുന്നതിന്റെ കാരണവും ഇത് തന്നെ. സ്വയം ആരാണെന്ന തിരിച്ചറിവ് അതാണ് മുക്തി എന്ന വാക്കിന്നാധാരം. യജുര്‍ വേദത്തിന്റെ ഉപസംഹിതയായ ബ്രിഹതാരണ്യക ഉപനിഷത്തിലെ " അഹം ബ്രഹ്മാസ്മി " എന്ന മഹാവാക്യത്തിന്റെ അര്‍ത്ഥവും ഇത് തന്നെ.
ഈശ്വരന് പണത്തിന്റെയോ , പൂരത്തിന് ആനപ്പുറത്തെഴുന്നെള്ളി ഭക്തരെ കാണേണ്ട ആവശ്യമോ ഇല്ല. മതങ്ങള്‍ അവയുടെ സ്വയം നിര്‍മ്മിത ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് സ്വയം വലുതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഒരു ക്രിയയായി മാത്രമേ ഇതിനെയെല്ലാം കാണേണ്ടതുള്ളൂ . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മനുഷ്യന്റെ ചിന്തകളെ പോലും മതങ്ങള്‍ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിക്കുന്നു. സ്വതന്ത്രനായി ചിന്തിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഈ ഭയമാണ് മത ഭ്രാന്തന്മാരെ സൃഷ്ടിക്കുന്നത് .
ഈ നിരീക്ഷണങ്ങളോട് എല്ലാവരും യോജിക്കണം എന്ന് ഞാന്‍ ശഠിക്കുന്നില്ല. പക്ഷെ ഇതിനെ മതനിന്ദയായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അവരോട് ഒരു വാക്ക്. " നാണമില്ലേ ഇങ്ങനെ സ്വയം ഭയന്ന് ജീവിക്കാന്‍ ..?"
No comments:
Post a Comment