Sunday, March 10, 2013

അമ്മുവും ഞാനും പിന്നെ കരിഷ്മയും !


2010 ഏപ്രില്‍ 2

സ്ഥലം ബാഗ്ലൂര്‍

ശരിക്കു പറഞ്ഞാല്‍ , ബാഗ്ലൂരെ ക്രൈസ്റ്റ് കോളേജിനു മുന്നിലെ ഫോറം ഷോപ്പിങ് മാളിലെ KFC ഷോപ്പിലെ 5 ആം നമ്പര്‍ ടേബിളിലെ ഒന്നാം നമ്പര്‍ കസ്സേര...

നന്ദനും അവനു മുന്നില്‍ ഒരു ബക്കറ്റ് ചിക്കനും .... ഇതാണ് സിറ്റുവേഷന്‍ ..
(സംഗതി ചുരുക്കിപറഞാല്‍ ഇന്ത്യയിലെ സിലിക്കണ്‍ വാലിയിലെ ഒരു MNC യില്‍ ജോലിക്കിട്ടി ആദ്യ ശമ്പളം കിട്ടിയതിന്റെ ആഘോഷം )

ബക്കറ്റ് കാലിയാക്കുന്നതിനിടയില്‍ ഇടക്ക് നന്ദന്റെ കണ്ണൊന്നു നിറഞ്ഞു .. മറ്റൊന്നും കൊന്ടല്ല, തൊട്ടു മുന്നിലെ ടേബിളില്‍ സുന്ദരിപ്പെണ്‍പിള്ളേരുടെ ഇടയിലിരിക്കുന്ന ഒരു കാട്ടാളനെ കന്ടപ്പോള്‍ ..

ദൈവമേ.. ഇവിടെന്താ ഇങ്ങനേ ?? സുന്ദരികളായ എല്ലാ പെണ്‍പിള്ളേരുടേം ഒപ്പം ഇങ്ങനെ ഒരു കാട്ടാളന്‍ ഉന്ടല്ലോ!!. ഇനി കണ്ണുകിട്ടാതിരിക്കാനോ മറ്റോ ആണോ ?? അതോ ഇവിടുത്തെ പെണ്പിള്ളേര്ക്ക് സൌന്ദര്യ ബോധം തീരെ ഇല്ലേ.. ??
എന്നെ ഇങ്ങനെ വിട്ടാ പറ്റില്ല.. എന്റെ കാര്യത്തിലൊരു തീരുമാനം വേണം ..അഛനും അമ്മയ്ക്കും ഒരു ചിന്തേമില്ല ന്നാ പിന്നെ അതൊന്നു ഓര്‍മ്മിപ്പിച്ചിട്ട് തന്നെ കാര്യം .

അന്നു രാത്രി അമ്മയോടു ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ നന്ദന്‍ ,

"അമ്മേ , അമ്മ അടുക്കളെലൊക്കെ ഒരുപാടു ബുദ്ധിമുട്ടുന്നുന്ടല്ലേ ?? "
"ഓ അതൊന്നും സാരമില്ലെടാ, നിനക്കൊക്കെ വേന്ടിയല്ലേ ഞാന്‍ ഇങ്ങനെ പാടുപെടുന്നെ".
"ന്നാലും ഇനി അമ്മ ഇങ്ങനെ കഷ്ട്ടപ്പെടന്ടാ . നമുക്കൊരു പെണ്ണിനെ കന്ടുപിടിക്കാം .."

നന്ദന്റെ ലൈനും ലെങ്തും ഉള്ള ഉഗ്രന്‍ എറ്‌ ...

"വേലക്കാരികളെയൊന്നും ഇപ്പൊ കിട്ടാനില്ലെടാ ഉള്ളവര്‍ക്കൊക്കെ ഭയങ്കര ഡിമാന്റാ... "
അമ്മ ഓഫ് സൈഡിലേക്ക് അടിച്ചു പറത്തി...

ശ്ശൊ... അഛനെവിടെ ? അഛനു കൊടുത്തെ ഫോണ്‍ ..

അമ്മയോടു സംസാരിച്ചിട്ടു കാര്യമില്ലെന്നു നന്ദനു മനസിലായി
എന്താടാ?? മറുതലക്കല്‍ അഛന്‍ ..

അഛാ ഇങ്ങനെയൊക്കെ പോയാല്‍ മതിയോ .. വീട്ടില്‍ ഒരു പെണ്‍തരികൂടി വേന്ടേ??
ഉഗ്രന്‍ ബൌണ്സര്‍ ...

എടാ എനിക്കു കുഴപ്പമൊന്നുമില്ല...പക്ഷെ ഇനി ഒന്നൂടെ കെട്ടാന്‍ നിന്റെ അമ്മ സമ്മതിക്കില്ലെടാ..
ഠേ... ബൌണ്സര്‍ സിക്സര്‍ ആയ ശബ്ദം ...

നിരാശയോടെ ഫോണ്‍ വയ്ക്കുമ്പോള്‍ നന്ദന്റെ മനസ്സു നിറയെ അമ്മു ആയിരുന്നു.
ഇങ്ങോട്ടു വന്നു മുട്ടിയതാ.. ബാങ്ക്ലൂരു വരുന്നതിനു മുന്പ്..

"അവിടെ നല്ല കിടു പെണ്പിള്ളേരു വേറെ കാണുമെടാ, അപ്പഴാ ഈ കൂതറ നാട്ടുമ്പുറത്തുകാരി".. അനൂപിന്റെ വാക്കുകളെ വിശ്വസിച്ചു...
അങ്ങനെ ഉത്തരത്തിലുള്ളത് എത്തിപിടിക്കാന്‍ നോക്കിയപ്പോ മുന്ടഴിഞ്ഞുപോയ അവസ്ഥ..

പിറ്റേ ദിവസം തന്നെ കല്ലടക്കു തലവച്ചു..രാവിലെ ആറു മണിയായപ്പോഴേക്കും നാട്ടിലെത്തി...

നന്ദനെ കന്ടതും പശുവിനേം കൊന്ടു വരികയായിരുന്ന നാണപ്പന്‍ ചേട്ടന്റെ വക ചോദ്യം .

"ആഹാ എന്താ രാവിലെ തന്നെ ?? വീട്ടിലേക്കാ ?? "
അല്ല തന്റെ പതിനാറടിയന്തരതിനു പന്തലു ബുക്കെയ്യാന്‍ പോകുവാ " പറഞ്ഞില്ല... ചിരിച്ചു കാണിച്ചു...

"ഇനി എന്നാ പോണേ" (അനാവശ്യ ചോദ്യം )

"അടിയന്തിരം കഴിഞ്ഞാ ഉടനെ പോവും " പറഞ്ഞു...

ങേ .. നാണപ്പന്‍ ചേട്ടന്‍ ഒന്നു ഞെട്ടി..

"അടിയന്തരോ ??.. ന്താ ഞാനീ കേക്കണേ ?? ആരാ മരിച്ചേ?? "

വലച്ചു.. ഈശ്വരാ ഇയാളു വിടണ ലക്ഷണമില്ലല്ലോ..

"ആരും മരിച്ചിട്ടില്ല.. ഞാന്‍ വേറേ എന്തോ ഒര്‍ത്തു പറഞ്ഞതാ" നന്ദന്‍ പറഞ്ഞു..
"ചുമ്മതല്ലെടാ നിനക്കു ഗതി പിടിക്കാത്തെ".. അരിശത്തോടെ പശുവിന്റെ കയറില്‍ പിടിച്ച് വലിച്ചോന്ടു നാണപ്പന്‍ ചേട്ടന്‍ പറഞ്ഞു...
ഓ ശരി...ഇതു ഞാന്‍ എത്ര കേട്ടതാ എന്ന മട്ടില്‍ നന്ദന്‍ വീട്ടിലേക്കു വച്ചടിച്ചു..

കേറി ചെന്നപാടേ പഴയ ചോദ്യം റിപ്പീറ്റ് ..

"എന്താടാ ഇത്ര രാവിലെ" ...??

അതേ അഛാ, ബാങ്ക്ലൂര്ന്നു പുറപ്പെട്ടാ രാവിലേ എത്തൂ.. അതാ...

ങേ.. ? അഛന്‍ ഒരു നിമിഷം നന്ദന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.. എന്നിട്ടടുത്ത ചോദ്യം ..

എന്താടാ കാര്യം ?

അതാണ്‌ ... അങ്ങനെ ചോദിക്ക്..

"കാര്യമുന്ട് .. പറയാം ..എതായാലും രന്ടു ദിവസം ഞാനിവിടെ ഉന്ടാവും" ..നന്ദന്‍ ഗൌരവത്തില്‍ പറഞ്ഞു.

അന്നു വൈകുന്നേരം അനൂപിനോടു കാര്യം അവതരിപ്പിച്ചു. വല്ല ഐഡിയയും കിട്ടുമോ എന്നറിയാന്‍ .

കാര്യം കേട്ടു കഴിഞപ്പോള്‍ അവന്‍ പറഞ്ഞു "എടാ നന്ദാ, നിനക്കു നല്ല ജോലിയൊക്കെയായി പക്ഷെ അതു പെണ്പിള്ളേര്‍ക്കറിയില്ലല്ലോ. അപ്പോ അതിനൊരു സിമ്പോളിക് റെപ്രസന്റേഷന്‍ വേണം . "ഒരു വന്ടി ".. നിനക്കതില്ല അതാ നിന്റെ പ്രശ്നം .."

അമ്പടാ. ശരിയാ അവന്‍ പറഞ്ഞത്.. വന്ടി .. അതില്ല..

പിന്നെ എതു വന്ടി വേണം എന്നായി ചര്‍ച്ച. അവസാനം ഒരു തീരുമാനത്തിലെത്തി. "ഹീറോ ഹോണ്ട കരിഷ്മ".

ഈ പറഞ്ഞ സാധനം നാട്ടിലാര്‍ക്കും ഇല്ല. അതു തന്നെ അതു വങ്ങാനുള്ള പ്രധാന കാരണമാക്കി അഛന്റെ മുന്പില്‍ അവതരിപ്പിച്ചു.

ഒരു വിധത്തില്‍ സമ്മതിപ്പിച്ച് , പിറ്റേ ദിവസം തന്നെ വന്ടി വാങ്ങി..

പൂജിക്കാനായി അമ്പലത്തിലേക്കു പോണ വഴി നമ്മുടെ പശുവും നാണപ്പന്‍ ചേട്ടനും വീന്ടും എതിരെ വന്നു.

"അല്ല പുതിയ വന്ടിയൊക്കെ വാങ്ങിയല്ലോ...ഇനിയൊരു പെണ്ണൊക്കെ കെട്ടാം .."
ഹൊ നാണപ്പന്‍ ചേട്ടനേം പശുവിനേം കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാന്‍ തോന്നിയ നിമിഷം .

കൊടുത്തില്ല.. പകരം ചിരിച്ചു..

എത്രയായി ഇതിന്‌ ??

തൊണ്ണൂറായിരം രൂപ..

അതു കേട്ടതും നാണപ്പന്‍ ചേട്ടന്‍ താടിക്കു കയ്യ് കൊടുത്ത് ആകമാനം ഇരുത്തി ഒരു നോട്ടം ..

തൊണ്ണൂറായിരം രൂപ കാലിനിടയിലാണല്ലോടാ വച്ചോന്ടു നടക്കണേ എന്ന അര്‍ഥത്തില്‍ ..

പെട്ടെന്നു വിട്ടോ, ഇല്ലേല്‍ കാര്യം നടക്കില്ല അനൂപ് പുറകിലിരുന്നു പറഞ്ഞു..

ഇന്നു രാത്രി അമ്മുവിന്റെ വീട്ടില്‍ പോയി പഴയ ആപ്ലിക്കേഷന്‍ പരിഗണിച്ചു എന്നു പറയണം അതാണു കാര്യം.
അങ്ങനെ രാത്രിയായി. വന്ടി ഇടവഴിയില്‍ നിര്‍ത്തി മണ്‍തിട്ടയിലേക്കു വലിഞ്ഞു കയറി പൊളിഞ്ഞ വേലിക്കുള്ളിലൂടെ ഉള്ളിലേക്കു നൂന്ടു കയറി..

നന്ദനും അനൂപും വീടും പരിസരവും ആകമാനം ഒന്നു വീക്ഷിച്ചു..

ആകെ ബഹളമയം .. ഒരു കല്യാണവീടു പോലെ...

"ഡാ ഇനി അവള്ടെ കല്യാണങ്ങാനും ആണോടാ"??
എയ് ആവില്ല.. നീ വന്നേ , അതും പറഞ്ഞ് അനൂപ് പതുങ്ങി പതുങ്ങി അമ്മുവിന്റെ മുറിയുടെ ജനല്‍ ലകഷ്യമാക്കി നടന്നു .

മഴ പെയ്ത് പറമ്പു മുഴുവന്‍ ചെളിയാ എന്നു അനൂപ് പറഞതും കമിഴ്ന്നടിച്ചു വീണതും ഒപ്പം ...

ശബ്ദം കേട്ട് ആരൊക്കെയോ " കള്ളന്‍ " കള്ളന്‍ " എന്നു വിളിച്ചു കൂവിക്കൊന്ടു വരുന്നുന്ടായിരുന്നു .

ഇത്രയും സമയം കൊന്ടു നന്ദന്, കഷ്ട്ടപ്പെട്ടു വലിഞ്ഞു കയറിയ മണ്‍തിട്ടയെല്ലാം പറന്നിറങ്ങി ബൈക്കില്‍ കയറി തിരിഞ്ഞു നോക്കി..

ചെളിയില്‍ കുതിര്‍ന്ന മുന്ടൂരി കയ്യില്‍ പിടിച്ചോന്ടു പാഞ്ഞു വരുന്ന അനൂപ്..

അവന്റെ പുറകില്‍ പത്തിരുപത്പേര്‍ ..
മണ്‍തിട്ടയുടെ അരികിലെത്തിയതും സഡന്‍ ബ്രേക്കിട്ട പോലെ അവന്‍ നിന്നു... എന്നിട്ടൊരു ചോദ്യം ..

"ഇത്രേം നേരം നീ ഓടിച്ചില്ലേ.. ഇനി നീ പുറകിലിരി.. ഞാനോടിക്കാം .. "

പുറകെ വരുന്ന സുനാമിയും അതിന്റെ കൂടെ ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന പോലുള്ള അനൂപിന്റെ നില്പ്പും കൂടി കന്ടപ്പോള്‍ നന്ദന്റെ സമനില തെറ്റി..

പിന്നെ അവിടെ ഒരുല്‍സവമേളമായിരുന്നു.. മീനഭരണി ഉല്സവം ...

ഒരു വിധത്തില്‍ വീട്ടിലെത്തി വന്ടി കഴുകുന്നതിനിടയില്‍ അഛന്‍ ,

"നന്ദാ നാളെ ശങ്കരന്‍ മാഷിന്റെ മോള്‌ അമ്മൂന്റെ കല്യാണാ, എനിക്കു നാളെ വേറെ ഒരിടം വരെ പോണം , നീയവിടെ ചെന്ന് ഒന്നു തല കാണിച്ചിട്ടു പോരേ..."

അഛന്‍ അതും പറഞ് അകത്തേക്കു പോയി..

നാളെ കല്ലടക്കു തലവയ്ക്കണോ അതോ ഐലന്റ് എക്സ്പ്രെസ്സിനു തലവയ്ക്കണോ എന്ന കണക്കുകൂട്ടലിലായിരുന്നു നന്ദന്‍ അപ്പോള്‍...

No comments:

Post a Comment